കേരളമേ.. ഒരുമിക്കാം, അതിജീവിക്കാം. - Misty Wind n Memories

Recent posts

Thursday, May 28, 2020

കേരളമേ.. ഒരുമിക്കാം, അതിജീവിക്കാം.Photo by Noelle Otto from Pexels

കേരള ചരിത്രത്തിൽ തന്നെ ഏറ്റവും നിർണായകമായ കാലഘട്ടങ്ങളിൽ ഒന്നാണ്  ഇനി വരാൻ പോകുന്ന നാല് മാസങ്ങൾ. 

ഒന്നാമതായി മറ്റൊരു പ്രളയത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാവില്ല. മാതൃഭൂമി, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളിൽ വന്ന ഈ  രണ്ട് വാർത്തകൾ വായിക്കുക. 
 കേരളത്തിലെ പനിയുടെ  'Seasonality'


സംസ്ഥാന ആരോഗ്യവകുപ്പിന്റെ website-ൽ പ്രസിദ്ധീകരിച്ച ഈ രണ്ട് ടേബിളുകൾ ശ്രദ്ധിക്കാം. ( https://dhs.kerala.gov.in/data-on-communicable-diseases/ ) 

2019  Data 2018 Data കഴിഞ്ഞ രണ്ടു വർഷത്തെ trend ശ്രദ്ധിച്ചാൽ  മനസ്സിലാക്കാം, ജൂൺ  മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് കേരളത്തിലെ  പനി സീസൺ. ഈ കാലയളവിലാണ്  ആശുപത്രികൾക്കും  ആരോഗ്യ സംവിധാനത്തിനും  overload വരുന്ന  രീതിയിൽ പനി പടർന്നു  പിടിക്കുന്നത്.


മഴക്കാലവും കോവിഡും 


 • ഈ വർഷം  പനി  സീസണിൽ മറ്റു പനികളുടെ  ഇടയിൽ കോവിഡും ഉണ്ടാകും എന്നതിൽ  സംശയമില്ല. എലിപ്പനി, ഡെങ്കിപ്പനി മുതലായ പനികളും കോവിഡും  കൂടി ഒരുമിച്ചു വന്നാൽ നമ്മുടെ ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും താങ്ങാവുന്നതിലും അപ്പുറം രോഗികൾ  കേരളത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
 • ഈ വർഷവും പ്രളയം ഉണ്ടായാൽ ഒരുപാടു പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വരും. ഈ  ക്യാമ്പുകളിൽ സാമൂഹ്യ അകലം പാലിക്കുക കൂടുതൽ ശ്രമകരമായിരിക്കും.
 • കോവിഡിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രികരിച്ചു നിൽക്കുന്ന നമ്മൾക്ക്  മറ്റുള്ള  മഴക്കാല രോഗങ്ങളെ വേണ്ടത്ര  ചെറുക്കാൻ  കഴിയാതെ  വന്നേക്കാം.
 • ഈ വിധം  എല്ലാ അസുഖങ്ങളോടും ഉള്ള  മല്ലിടലിനിടയിൽ ലോക പ്രശംസ നേടിയ  നമ്മുടെ കോവിഡ് surveillance system ഇതേ  ശക്തിയോടു  കൂടെ  നില നിർത്തണമെങ്കിൽ  കൂടുതൽ പ്രയത്‌നം  ആവശ്യമായി വരും.
 • മഴ മൂലം ഉണ്ടാകുന്ന താഴ്ന്ന താപനില virus വേഗത്തിൽ പടർന്ന് പിടിക്കാൻ സഹായിക്കും.
 • ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന തോരാ മഴയിൽ പകൽ വെളിച്ചവും വെയിലും കുറവാകും. ഇങ്ങനെ ഉള്ള അവസ്ഥയിൽ ജനങ്ങളുടെ ഇടയിൽ വിറ്റാമിൻ- D കുറവ് ഉണ്ടാകാൻ സാധ്യത ഉണ്ട്.
 • പെട്ടെന്ന് ഒരു മഴ പെയ്യുമ്പോൾ ആളുകൾ മഴ കൊള്ളാതിരിക്കാൻ മേൽകൂര ഉള്ള സ്ഥലങ്ങളിൽ തിങ്ങി നിൽക്കാൻ സാധ്യത ഉണ്ട്. ഇത് കോവിഡിന്റെ സമൂഹ വ്യാപനത്തിന് ഇടയാക്കും. 
 • മഴക്കാലത്ത് പനി, ജലദോഷം, വയറിളക്ക രോഗങ്ങൾ എന്നിവ കൂടുതൽ ഉണ്ടാകുന്നതിനാൽ ആശുപത്രികളിൽ തിരക്ക് കൂടുതൽ ആയിരിക്കും. ഈ തിരക്കിൽ ആശുപത്രികൾ വഴിയുള്ള രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്. 

എങ്ങനെ അതിജീവിക്കാം


 • ഡെങ്കി പനി, എലിപ്പനി, H1N1 മുതലായ രോഗങ്ങൾ ഈ  വർഷം ഉയരാൻ  അനുവദിക്കരുത്. മറ്റു  വർഷങ്ങളേക്കാൾ   ജാഗ്രത  ഈ വർഷം ഇവക്കെതിരെ  വേണം.. 
 • മഴക്കാലത്തുണ്ടാകുന്ന വയറിളക്ക  രോഗങ്ങൾ തടയാൻ തിളപ്പിച്ചാറ്റിയ  വെള്ളം മാത്രം കുടിക്കുക.
 • കേരളത്തിൽ ഒരിടത്തും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ (Aedes Mosquitoes)  പെരുകാൻ സഹായിക്കുന്ന രീതിയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഓരോരുത്തരും  അവരവരുടെ  വീടിനു  ചുറ്റും  ഈ ദൗത്യം  ഏറ്റെടുക്കുക .
 • കൊതുകുശല്യം ഉള്ള  സ്ഥലങ്ങളിൽ കൊതുകുവലകൾ ഉപയോഗിക്കുക.
 • അഥവാ ഈ വർഷം പ്രളയം ഉണ്ടായാൽ ഈ പ്രളയത്തിൽ വെള്ളം കയറി നിൽക്കുന്ന  സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. പ്രളയാവസ്ഥ  ഇല്ലെങ്കിൽ പോലും  കെട്ടികിടക്കുന്ന  വെള്ളത്തിലൂടെ  സഞ്ചരിക്കുന്നവർ എലിപ്പനി  പ്രതിരോധ  ഗുളികകൾ  കഴിക്കുന്നതാണ്  നല്ലത്. 
 • വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും  മാസ്ക് ധരിക്കണം. ധരിക്കുന്ന മാസ്ക് മൂക്കും വായും മൂടുന്ന രീതിയിലായിരിക്കണം ധരിക്കേണ്ടത്. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി സംസാരിക്കരുത്. സർജിക്കൽ മാസ്കും തുണികൊണ്ടുള്ള മാസ്കും ധരിക്കുന്നത് കൊണ്ട് ഒരു യാതൊരുവിധ ആരോഗ്യ പ്രശ്നവും ഉണ്ടാവില്ല എന്ന് മനസ്സിലാക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ മാസ്കിനെതിരെ നടക്കുന്ന  ഒരു  കുപ്രചരണവും   വിശ്വസിക്കരുത്. ധരിച്ചിരിക്കുന്ന മാസ്കിൽ കൈകൊണ്ട് തൊടരുത്. ഉപയോഗം കഴിഞ്ഞ  മാസ്‌ക്  അലസമായി  വലിച്ചെറിയരുത്.
 • അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ  ഒഴിവാക്കണം.
 • 60 വയസ്സിന് മേലെ പ്രായമുള്ളവരെയും, കുട്ടികളെയും, ഗർഭിണികളേയും  പരമാവധി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറക്കരുത്. 
 • വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ വീട്ടിൽ തിരിച്ചെത്തുന്നതു വരെ എല്ലായിടത്തും സാമൂഹ്യ അകലം പാലിക്കുക.
 • ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുക. സോപ്പ് അല്ലെങ്കിൽ ഹാൻഡ്  വാഷ് കിട്ടാത്ത സാഹചര്യങ്ങളിൽ ഹാൻഡ് sanitizer  ഉപയോഗിക്കുക. 
 • ഗർഭിണികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. 
 • ഹസ്തദാനവും ആലിംഗനങ്ങളും ഒഴിവാക്കുക
 • എന്ത് സംശയം ഉണ്ടെങ്കിലും ആരോഗ്യവകുപ്പിലെ ദിശ നമ്പറായ 1056  വിളിച്ച് മാത്രം മാത്രം സംശയം ദൂരീകരിക്കുക.


 • പൊതുപരിപാടികൾ ഒഴിവാക്കുക.
 • സാധനങ്ങൾ വാങ്ങാൻ കടയിൽ പോകാതെ പറ്റുമെങ്കിൽ ഹോം ഡെലിവറി ആയി വാങ്ങാൻ ശ്രമിക്കുക.
 • ഉല്ലാസ യാത്രകൾ ഒഴിവാക്കുക.
 • അടച്ചിട്ട എസി മുറിവുകൾ പരമാവധി ഒഴിവാക്കുക. തുറസായ വായുസഞ്ചാരമുള്ള മുറികളിൽ മാത്രം ഇരിക്കുക.
 • ആരോഗ്യ രംഗത്തെ public -private  partnership  ശക്തമാക്കണം. അതായത്  ഗവണ്മെൻറ് ആശുപത്രിയെന്നോ  പ്രൈവറ്റ് ആശുപത്രിയെന്നോ  വ്യത്യാസമില്ലാതെ എല്ലാ  ആരോഗ്യ പ്രവർത്തകരും ഒറ്റകെട്ടായി പ്രവർത്തിക്കണം . ഒറ്റ കേരളം - ഒറ്റ  ആരോഗ്യരംഗം; ഇതായിരിക്കണം നമ്മുടെ മുദ്രാവാക്യം. 


ഈ അപകട സാഹചര്യത്തിൽ എല്ലാവരും ജാതിയും, മതവും, രാഷ്ട്രീയവും മറന്ന്  ഒറ്റക്കെട്ടായി ആരോഗ്യവകുപ്പിനോട് സഹകരിച്ച് പ്രവർത്തിക്കുക.
നമ്മൾ ഇതും തരണം  ചെയ്യും.

#BreakTheChain 


ഓരോ  ദിവസത്തെയും COVID19  സാഹചര്യം  അറിയുവാൻ ആരോഗ്യ വകുപ്പിൻ്റെ  official  website  ആയ https://dhs.kerala.gov.in/ ലെ ഡെയിലി ബുള്ളറ്റിൻ   നോക്കുക. 1 comment: